കട്ടപ്പന: പരിസ്ഥിതിലോല മേഖല സംബന്ധിച്ച കരട് വിജ്ഞാപനത്തിൽ കേരളത്തിലെ 131 വില്ലേജുകൾ ഉൾപ്പെട്ട ഗുരുതര സാഹചര്യം അടിയന്തരമായി ചർച്ച് ചെയ്ത് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് കട്ടപ്പന മർച്ചന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകളുടെ തുടർച്ചയായി കേരളത്തിൽ ഉമ്മൻ വി. ഉമ്മൻ കമ്മിറ്റിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ 131 വില്ലേജുകളിലായി 9993.7 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് വിജ്ഞാപനത്തിൽ ഉൾപ്പെട്ടിരിക്കുന്നത്.
സംസ്ഥാനത്ത് പരിസ്ഥിതി സംരക്ഷണത്തിനും കാലാവസ്ഥാവ്യതിയാനം തടയുന്നതിനും ഇനിയും കൂടുതൽ പ്രദേശം വനം ആക്കേണ്ട ആവശ്യമില്ലാത്തതിനാൽ വനമേഖലയിൽ മാത്രമായി കേരളത്തിന്റെ ഇഎസ്എ നിജപ്പെടുത്താൻ തയാറാകണമെന്നും കട്ടപ്പന മർച്ചന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് കട്ടപ്പന മർച്ചന്റ്സ് അസോസിയേഷൻ കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയത്തിന് കത്തും അയച്ചു.
പ്രസിഡന്റ് സാജൻ ജോർജ്, ജനറൽ സെക്രട്ടറി ജോഷി കുട്ടട, ജില്ലാ സെക്രട്ടറി ഷമേജ് കെ. ജോർജ് , ബൈജു ഏബ്രാഹാം തുടങ്ങിയവർ നേതൃത്വം നൽകി.